പത്തനംതിട്ട : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അബിയ സി.തോമസ് പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും തനതായ ശൈലിയിലൂടെ ഉയരങ്ങൾ കീഴടക്കി മുന്നേറുന്നു. പഠനത്തോടൊപ്പം വിവിധങ്ങളായ മത്സര പരീക്ഷകളിലും, ശാസ്ത്ര ഗണിതശസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിലും മികവ് തെളിയിച്ച വിദ്യാർത്ഥിനിയാണ് അബിയ. 2021-22 അധ്യയനവർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ഉയർന്ന മാർക്കോടെയാണ് അബിയ അർഹയായത്. ജൂനിയർ ഐ.എ.എസ്. എന്നറിയപ്പെടുന്ന ഈ പരീക്ഷയിലെ വിജയത്തിലൂടെ 48000 രൂപയുടെ സ്കോളർഷിപ്പിനാണ് അർഹതനേടിയത്. 2020-21 അധ്യയനവർഷത്തെ യു.എസ്.എസ്.പരീക്ഷ വിജയിക്കുകയും ഉയർന്ന മാർക്ക് കരസ്ഥമാക്കിയതിൻ്റെ അടിസ്ഥാനത്തിൽ ഗിഫ്റ്റഡ് സ്റ്റുഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2023-24 അധ്യയനവർഷത്തെ കോന്നി ഉപജില്ല സയൻസ് ടാലൻ്റ് സേർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം, ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം, മലയാള മനോരമ റീഡ് ആൻ്റ് വിൻ സ്കൂൾതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം, കോന്നി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ കർഷകദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബിയ തുടർ മത്സരങ്ങളിലും മികവ് പുലർത്തി. ജില്ലാതല സയൻസ് ടാലൻ്റ് സേർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനവും, സംസ്ഥാനതല മത്സരത്തിൽ ‘എ’ ഗ്രേഡും കരസ്ഥമാക്കി. ജില്ലാതല സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിലും, അക്ഷരമുറ്റം ഉപജില്ല ക്വിസ് മത്സരത്തിലും, താലൂക്ക് ലൈബ്രറി കൗൺസിൽ ക്വിസ് മത്സരത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2022-23 അധ്യയനവർഷം ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ സംഘടിപ്പിച്ച വിവിധ മത്സര പരീക്ഷകളിലും അബിയ മികവ് പുലർത്തി. ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരം, ഉപജില്ലാതല സമൂഹ്യശാസ്ത്ര ക്വിസ് മത്സരം, ഉപജില്ലാതല ശാസ്ത്രമേളയോടനുബന്ധിച്ചുള്ള രാമാനുജൻ പേപ്പർ പ്രസൻ്റേഷൻ എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെങ്ങറ അൽഫോൺസ് ഭവനിൽ ജോർജ് തോമസ്, ജീന തോമസ് ദമ്പതികളുടെ മകളാണ് അബിയ സി.തോമസ്. സഹോദരൻ അൽഫോൺസ് തോമസ് റിപ്പബ്ലിക്കൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.