പത്തനംതിട്ട: വർഷങ്ങളായി ഒളിവിലായിരുന്ന അബ്കാരി കേസ് പ്രതിയെ ബംഗളുരുവിൽ നിന്നും പിടികൂടി പമ്പ പോലീസ്. 2001ൽ രജിസ്റ്റർ ചെയ്ത അബ്കാരി നിയമപ്രകാരമുള്ള കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുരുവിൽ നിന്നുമാണ് പിടികൂടിയത്. മൂഴിയാർ ആങ്ങമൂഴി ആഞ്ഞിലിക്കൽ വീട്ടിൽ കലേഷ് കുമാറി(45)നെയാണ് അറസ്റ്റ് ചെയ്തത്. 2001ൽ കേസിൽപ്പെട്ടു അറസ്റ്റിലായ പ്രതി പിന്നീട് കോടതി നടപടികൾക്ക് ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു. നിരന്തരം കോടതി നടപടികളിൽ ഹാജരാകാത്തതിനെ തുടർന്ന് ഇയാൾക്കെതിരെ ജില്ലാ കോടതി എൽ പി വാറന്റ് പുറപ്പെടുവിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പ്രതിയെ കണ്ടെത്തുന്നതിലേക്ക് റാന്നി ഡി.വൈ.എസ്.പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ പ്രതി വിദേശത്താണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കഴിഞ്ഞദിവസം ബാംഗ്ലൂർ കേമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ ബ്യൂറോ ഓഫ് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് കേമ്പഗൗഡ എയർപോർട്ട് പോലീസിന് കൈമാറി. വിവരം ലഭിച്ചതനുസരിച്ച് പമ്പ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേകഅന്വേഷണ സംഘം ബാംഗ്ലൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു ഇവിടെയെത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പമ്പാ പോലീസ് ഇൻസ്പെക്ടർ സി കെ മനോജ്, എസ് സി പി ഓ സൂരജ് ആർ കുറുപ്പ്, സി പി ഓ അനു എസ് രവി എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.