കൊച്ചി : പോലീസിനെതിരേ പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. താന്‍ സ്ഥലത്തില്ലാത്ത സമയത്ത് ഞാറയ്ക്കല്‍ പോലീസ് വീട്ടില്‍ അതിക്രമിച്ച് കടന്ന് പരിശോധന നടത്തിയെന്നാണ് പരാതി. വീട്ടില്‍നിന്ന് പത്ത് പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കൊലക്കേസ് പ്രതിയെ അന്വേഷിച്ചാണ് വീട്ടില്‍ കയറിയതെന്നാണ് പോലീസ് പറയുന്നത്. പരിശോധനയ്‌ക്കെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ ഫാന്‍ കറങ്ങുന്നതും ലൈറ്റ് കത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പ്രതിയെ കീഴ്‌പ്പെടുത്താനാണ് വീട്ടിനുള്ളില്‍ കയറിയതെന്നാണ് പോലീസുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം വീട് കുത്തിത്തുറക്കുമ്പോള്‍ സ്വാഭാവികമായി ചെയ്യേണ്ട നടപടി ക്രമങ്ങളൊന്നും പോലീസ് പാലിച്ചിട്ടില്ലെന്നും സീന പ്രതികരിച്ചു.
തിങ്കളാഴ്ച രാവിലെയാണ് പോലീസ് സംഘം സീനയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ജോലിപരമായ ആവശ്യങ്ങള്‍ക്കായി സീനയും മകളും ഡല്‍ഹിയിലാണുള്ളത്. വീട് പരിപാലിക്കാന്‍ സമീപത്തുള്ള ഒരു സ്ത്രീയേയും ചുമതലപ്പെടുത്തിയിരുന്നു. കുറച്ചുകാലമായി ജിഷ്ണു എന്നയാള്‍ക്കാണ് വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ഇയാള്‍ക്കൊപ്പം മറ്റു മൂന്നുപേരും താമസിച്ചിരുന്നു. ഇതില്‍ ഒരാളെ അന്വേഷിച്ചാണ് പോലീസ് എത്തിയതെന്നാണ് വിവരം. അതേസമയം കഴിഞ്ഞ മാസം അവസാനത്തോടെ ഇവര്‍ വീട് ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും വിവരമുണ്ട്.
വാടകയ്ക്ക് നല്‍കിയിരുന്നെങ്കിലും വീട്ടിനുള്ളിലെ ഒരു മുറി സീന പൂട്ടിയിട്ടിരുന്നു. സ്വര്‍ണവും സൈമണ്‍ ബ്രിട്ടോയുടെ പുരസ്‌കാരങ്ങളുമാണ് ഇതിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് സ്വര്‍ണം നഷ്ടമായതെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ സീന മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.