അബുദാബി : അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ്. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡ്മുറിച്ച് കടക്കുന്നവരുടെ വീഡിയോയും പോലീസ് പുറത്തുവിട്ടു. മൊബൈല്‍ ഫോണ്‍ വിളിച്ചുകൊണ്ട് നാല് വരി പാതയ്ക്ക് കുറുകെ കടക്കുന്നയാളുടെ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ട വീഡിയോയിലുണ്ട്. നിയമലംഘനം നടത്തുന്ന വീഡിയോ പങ്കിട്ട പോലീസ് റോഡ് മുറിച്ചുകടക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
നിശ്ചയിച്ച സ്ഥലങ്ങളിലല്ലാതെ കാല്‍നടയാത്രക്കാര്‍ റോഡിന് കുറുകെ കടക്കുന്നതിനാല്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കുകയോ തെന്നിമാറുകയോ ചെയ്യുന്നതായി വീഡിയോയില്‍ കാണാം. വാഹനങ്ങള്‍ അതിവേഗം കടന്നുപോകുന്ന പ്രധാന റോഡുകളിലൂടെ അശ്രദ്ധമായി നടക്കുന്ന നിരവധി പേരാണ് വീഡിയോയിലുള്ളത്. ഇത്തരത്തില്‍ പ്രധാന റോഡുകളിലൂടെ അശ്രദ്ധമായി നടക്കുന്ന നിരവധി പേര്‍ അവരുടെയും മറ്റുള്ളവരുടെയും ജീവന് ഭീഷണിയാണ്.