കൊച്ചി : എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയ സ്ഥാപന ഉടമ അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് വില്ലേജ്. മുതലകൂടം വിസ്മയ വീട്ടില്‍ സനീഷ് ആണ് അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറണാകുളം വൈറ്റിലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവന്ന പ്രതി സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിവാഹം കഴിക്കാം എന്ന വ്യാജേന എറണാകുളം സൗത്തിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി പരാതിക്കാരിയുടെ സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പലപ്രാവശ്യം പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പ്രതി പരാതിക്കാരിയുടെ കൈയില്‍നിന്നും അന്‍പതിനായിരം രൂപയും മോതിരവും വാങ്ങിച്ചിട്ട് തിരിച്ചു നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.