തിരുവനന്തപുരം : വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്ന ആവശ്യവുമായി എബിവിപി. ഇക്കാര്യം ആവശ്യപ്പെട്ട് എബിവിപി വെള്ളിയാഴ്ച സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. സര്‍വ്വകലാശാലകളിലെ രാഷ്‌ട്രീയ- ബന്ധു നിയമനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിയ്‌ക്ക് അയച്ച കത്ത് അതീവ ഗൗരവമുളളതാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി സി.ടി ശ്രീഹരി പറഞ്ഞു.
സര്‍വ്വകലാശാലകളിലെ രാഷ്‌ട്രീയ ഇടപെടലുകള്‍ സംബന്ധിച്ച് കേരളാ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ അതീവ ഗൗരവ സ്വഭാവമുള്ളതാണ്. ഭരണഘടനാതലവനായ ഗവര്‍ണര്‍ക്ക് പോലും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഉന്നത വിദ്യാഭ്യാസരംഗത്തെ സി.പി.എം പൂര്‍ണമായി രാഷ്‌ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് എന്നത് വ്യക്തമായിരിക്കെ കത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ബിന്ദു രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാന്‍സിലര്‍ ആണ് പുനര്‍നിയമനം നടത്തിയതെന്നും സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല എന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്ന മുഴുവന്‍ സര്‍വകലാശാലാ നിയമനങ്ങളും പുനപരിശോധിക്കണം.
അക്കാദമിക യോഗ്യതകള്‍ കാറ്റില്‍പ്പറത്തി മെറിറ്റ് അട്ടിമറിച്ചാണ് ബഹുഭൂരിപക്ഷം നിയമനങ്ങളും നടന്നിട്ടുള്ളത്. നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഒപ്പ് നല്‍കാന്‍ വേണ്ടി സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനായ ഗവര്‍ണറുടെമേല്‍ സമ്മര്‍ദം ചെലുത്തുന്ന സര്‍ക്കാര്‍ നടപടി നിയമസഭ നല്‍കിയ ചാന്‍സിലര്‍ പദവിയെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണ്. ഗവര്‍ണറുടെ കത്ത് പുറത്ത് വന്ന സാഹചര്യത്തില്‍ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ വഴിവിട്ട ഇടപെടല്‍ നടത്തുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മികതയില്ല. അനധികൃത നിയമനം നടത്താന്‍ കൂട്ടുനിന്ന എല്ലാവരെയും പുറത്താക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ശ്രീഹരി വ്യക്തമാക്കി.