ചെങ്ങന്നൂർ : ഏതൊരാവശ്യത്തിനും ജനങ്ങൾ വിശ്വാസപൂർവ്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് മന്ത്രി എ സി മൊയ്തീൻ. മുളക്കുഴ ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഐ എസ് ഒ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആധുനിക രീതിയിലേക്ക് കൂടുതൽ സൗകര്യങ്ങളോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ഏതൊരാവശ്യത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കുന്ന സാഹചര്യം ഉണ്ടാകണം. ഇതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മികച്ച സമീപനം അനിവാര്യമാണ്. വിവിധ സ്ഥാപനങ്ങളുടെ ഐ എസ് ഒ നേട്ടത്തിലൂടെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്കൊപ്പം എന്ന് തെളിയിക്കുകയാണ്.
രണ്ട് വർഷം കൊണ്ട് രണ്ട് ലക്ഷം വീടുകൾ പൂർത്തീകരിച്ച സംസ്ഥാനം എന്ന നേട്ടം കൈവരിക്കുകയാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ. പുതിയ ജനക്ഷേമ പദ്ധതികളായ വിശപ്പ് രഹിത കേരളം, ദേശീയ പാതയുടെയും സംസ്ഥാന പാതകളുടെയും ഓരങ്ങളിൽ സ്ത്രീ സൗഹാർദ ശൗചാലയങ്ങൾ നിർമ്മിക്കുക, ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക തുടങ്ങിയ പുതിയ പദ്ധതികളിലൂടെ കേരളത്തിലെ ജനജീവിതം പുരോഗതിയിലേക്കു ഉയർത്താനുള്ള ശ്രമത്തിലാണ് സർക്കാർ. നാടിന്റെ വികസനത്തിന് ജാതി, മതം, രാഷ്ട്രീയം മാറ്റി നിർത്തി മികച്ച കൂട്ടായ്മ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ പദ്ധതികളിലൂടെ നവകേരള സൃഷ്ടിക്ക് ജനങ്ങൾക്കൊപ്പം എന്ന വാക്ക് പാലിക്കാൻ സർക്കാരിനായെന്നും വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ, റീബിൽഡ് കേരള കുടുംബശ്രീ തുടങ്ങിയ വിവിധ പദ്ധതികളിലൂടെ കേരളം രാജ്യത്തിനു തന്നെ മാതൃകയായി മാറുകയാണ്.
ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു . ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജാനി മോൻ എസ്. മന്ത്രിയിൽ നിന്നും ഐ എസ് ഒ സർടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ പഞ്ചായത്ത് അംഗങ്ങളെ ആദരിച്ചു.
1.58 കോടിരൂപ ചെലവഴിച്ച് നിർമിച്ച 7300 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിൽ അംഗപരിമിതർക്കുള്ള ഹെൽപ്പ് ഡെസ്‌ക്, മുലയൂട്ടുന്നതിനുള്ള പ്രത്യേക മുറി, മുൻകാല ഫയലുകൾ പെട്ടെന്ന് കണ്ടെത്തുന്നതിന് ആധുനിക രീതിയിലുള്ള സ്റ്റോർമുറി തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ജനകീയ -ക്ഷേമ പ്രവർത്തനങ്ങൾ അതിവേഗം ജനങ്ങളിലേക്ക് എത്തിച്ചതിലൂടെയാണ് ഐ എസ് ഒ നേട്ടം കൈ വരിക്കാൻ പഞ്ചായത്തിന് സാധിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എൻ. എ രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.