തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ബസിടിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ കാഴ്ചക്കാരായി ജനക്കൂട്ടം നിന്നത് മുക്കാല്‍ മണിക്കൂര്‍ നേരം. അതും തിരുവനന്തപുരം നഗരത്തില്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേര്‍ണലിസം വിദ്യാര്‍ഥിനിക്കാണ് ഈ ദുര്‍ഗതി ഉണ്ടായത്. വെമ്പായം സ്വദേശി ഫാത്തിമ (21) ആണ് റോഡില്‍ വേദന സഹിച്ച് കിടന്നത്.
വേദന കൊണ്ടു പുളഞ്ഞിട്ടും പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് സുഹൃത്ത് സിമിക്കൊപ്പം സ്കൂട്ടറില്‍ തമ്പാനൂരിലേക്ക് പോവുകയായിരുന്നു ഫാത്തിമ. അരിസ്റ്റോ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിലെത്തിക്കാന്‍ സിമി മറ്റു വാഹനങ്ങള്‍ തേടിയെങ്കിലും പോലീസ് എത്തട്ടെ എന്നുപറഞ്ഞ് ചുറ്റും കൂടിയവര്‍ വിലക്കുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് നിന്ന് 50 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് പോലും എത്തിയത്. ആശുപത്രിയില്‍ വൈകി എത്തിച്ചതിനെ തുടര്‍ന്ന് നില കൂടുതല്‍ ഗുരുതരമായ വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇടുപ്പ് എല്ലിലും കാലുകളിലുമായി ഇതിനോടകം ആറ് ശസ്ത്രക്രിയകള്‍ കഴിഞ്ഞു.