ഇരിട്ടി: സംസ്ഥാനാന്തര പാതയിലെ കൂട്ടുപുഴ വളവുപാറയിൽ കർണാടക വനം വകുപ്പിന്റെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം. സാരമായി പരുക്കേറ്റ മാക്കൂട്ടം റേഞ്ചർ മാധവ് ദൊഡ്ഗുഡുകി (36) യെ കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8നാണ് സംഭവം. അപകടത്തെ തുടർന്ന് അര മണിക്കൂറോളം തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. റേഞ്ചർ വള്ളിത്തോട് വന്നു മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് എതിരെ വരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം തകർന്നു കാൽ കുടുങ്ങിപ്പോയ റേഞ്ചറെ ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നു ശ്രമകരമായാണു പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കാലിലും മുഖത്തും ഗുരുതരമായി പരുക്കേറ്റതിനാൽ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇരിട്ടി സ്റ്റേഷനിലെ എസ്ഐമാരായ കെ. ഷറഫുദ്ദീൻ, ടി. ഷാജൻ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ തോമസ് ജോസഫ്, മഹേഷ്, ഇരിട്ടി അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ ബെന്നി ദേവസ്യ, എൻ.ജി. അശോകൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, പി.കെ. ധനീഷ്, സി.വി. സൂരജ്, കെ.വി. തോമസ്, എൻ.ജെ. അനു, ഹോം ഗാർഡുമാരായ വി. രമേശൻ, പി. രവീന്ദ്രൻ, പി. അനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.