റാന്നി: പരിശോധനകളും ബോധവത്ക്കരണവും ഒക്കെ തകിടം മറിച്ച് ഒരു ഇടവേളക്ക് ശേഷം വീണ്ടും ഉതിമൂട്ടിൽ അപകടം. ഉതിമൂട് ജംഗ്ഷന് സമീപം ഇന്ന് മൂന്ന് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പത്തനംതിട്ടയിൽ നിന്ന് റാന്നി ഭാഗത്തേക്ക് പോവുകയായിരുന്ന മുണ്ടക്കയം സ്വദേശിയുടെ ബുള്ളറ്റ് ബൈക്കും റാന്നിയിൽ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശിയുടെ ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഒപ്പം അതെ റൂട്ടിലേക്ക് പോകുകയായിരുന്ന പുത്തൻപീടിക സ്വദേശിനിയുടെ സ്കൂട്ടറും ഈ വാഹനങ്ങളില്‍ ഇടിച്ചു. മൂന്ന് വാഹനങ്ങളിലും ഓരോ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു. തഞ്ചാവൂർ സ്വദേശിക്കാണ് കാര്യമായ പരിക്കുകൾ ഉള്ളത്. വലതുകാലിന് നല്ല പരിക്കേറ്റ ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
മുണ്ടക്കയം സ്വദേശിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പുത്തപീടിക സ്വദേശിനി സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്ഥാന പാതയുടെ നവീകരണത്തിന് ശേഷം ഇവിടെ അപകടം തുടര്‍ക്കഥയായിരുന്നു. അപകടത്തില്‍ ജീവനുകള്‍ പൊലിഞ്ഞു തുടങ്ങിയതോടെ വിവിധ വകുപ്പുകള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ജംങ്ഷനില്‍ ട്രാഫിക് കോണുകള്‍ സ്ഥാപിച്ച് വേഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതും പ്രയോജനം ചെയ്യുന്നില്ലെന്നാണ് പുതിയ അപകടത്തിലൂടെ ബോധ്യമാവുന്നത്. ഇവിടെ സ്പീഡ് ബ്രേക്കറും സിഗ്നല്‍ സംവിധാനവും ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്ന നിലപാടാണ് നാട്ടുകാര്‍ക്ക്.