പന്തളം : പന്തളത്ത് എം സി റോഡില്‍ പറന്തലിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് ആംബുലന്‍സില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ബെന്‍സനാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5.30 ഓടെ എംസി റോഡില്‍ പറന്തല്‍ പല്ലാകുഴി കത്തോലിക്കാ പള്ളിക്ക് സമീപമാണ് അപകടം നടന്നത്. തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന KSRTC സൂപ്പര്‍ ഫാസ്റ്റ് ബസ് എതിര്‍ ദിശയില്‍ നിന്നു വന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് സമീപത്തെ വയലിലേക്ക് മറിഞ്ഞു. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് ബസ് ഡ്രൈവറെയും കണ്ടക്ടറെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. പിന്നീട് സ്ഥലത്ത് എത്തിയ പോലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
ദിശ മാറി എത്തിയ ബസ് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് ബെന്‍സനെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.