ഡൽഹി: കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ആളുകൾ മരണപ്പെട്ടതിൽ വിമർശനവുമായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്ത്. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം നടത്തിയത്. കോടികൾ ചിലവഴിച്ചിട്ടും കുംഭമേളയ്ക്ക് സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്. വിഐപി സന്ദർശനങ്ങൾ, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാർ നടപടി വേണമെന്നും ഖർഗെ പറഞ്ഞു. അതേസമയം അപകടത്തിന് പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് പവൻ ഖേരയും രംഗത്തെത്തിയിരുന്നു. മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നൽകണം. കുംഭമേളയിലെ വിവിഐപി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും കൂടുതൽ സേനയെ വിന്യസിക്കണമെന്നും പവൻ ഖേര പറഞ്ഞു.
രക്ഷാപ്രവർത്തനവും ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നിർദ്ദേശം നൽകി. മഹാകുംഭമേളയിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. പ്രാദേശിക സമയം പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്. ആളുകൾ വിവിധ ദിശകളിലേക്ക് ഓടുകയും ചിലർ വീഴുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ.