ചെങ്ങമനാട് : പറമ്പയം – നെടുവന്നൂർ റോഡിൽ കപ്രശ്ശേരി കൂവപ്പാടം ഭാഗത്ത് സ്കൂൾ ബസിന് പിന്നിൽ ഹോളോബ്രിക്സുമായി പോവുകയായിരുന്ന ടിപ്പർ ലോറി ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബസിനകത്ത് തെറിച്ചുവീണ് ഏതാനും വിദ്യാർഥികൾക്ക് നിസ്സാര പരിക്കേറ്റു. കുട്ടികൾ സീറ്റിൽ ഇരുന്നത് മൂലമാണ് വൻദുരന്തം ഒഴിവായത്. അപകടത്തിൽപെട്ട ടിപ്പർ ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു.
വ്യാഴാഴ്ച രാവിലെ 7.45ഓടെയായിരുന്നു അപകടം. നെടുവന്നൂർ, കപ്രശ്ശേരി ഭാഗങ്ങളിൽ വിദ്യാർഥികളെ കയറ്റി പറമ്പയം ഭാഗത്തേക്ക് വരുകയായിരുന്ന ജ്യോതിനിവാസ് ബസിന് പിന്നിലാണ് ടിപ്പർ ഇടിച്ചുകയറിയത്. അപകടത്തെ തുടർന്ന് മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നെടുമ്പാശ്ശേരി പോലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അപകടത്തിൽ തകർന്ന ടിപ്പർ ലോറി എക്സ്കവേറ്റർ എത്തിച്ചാണ് നീക്കിയത്. പറമ്പയം-നെടുവന്നൂർ റോഡിൽ അപകടം പതിവാണെന്നും രാവിലെയും വൈകീട്ടും ചരക്കുവാഹന നിയന്ത്രണം പോലീസ് കാര്യക്ഷമമാക്കണമെന്നും മുൻ ഗ്രാമപഞ്ചായത്ത് അംഗം ജെർളി കപ്രശ്ശേരി ആവശ്യപ്പെട്ടു.