തിരുപ്പൂര്‍: അപകടം നടന്ന അവിനാശിയില്‍ മന്ത്രിമാരായ എ.കെ.ശശീന്ദ്രനും വി.എസ്.സുനില്‍കുമാറും എത്തി. ബസ്സപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനുമുള്ള ശ്രമമാണ് ആദ്യം നടക്കുന്നത്. പാലക്കാട് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
അപകടത്തില്‍ 19 പേരാണ് മരിച്ചത്. ഇതില്‍ 18 മലയാളികളും ഒരു കര്‍ണാടക സ്വദേശിയുമാണ്. 11 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അങ്കമാലി തുറവൂര്‍ കിടങ്ങേല്‍ ജിസ്‌മോന്‍ ഷാജു (24), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ ഇഗ്‌നി റാഫേല്‍ (39), തൃശൂര്‍ അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലി (24), എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂര്‍ പുറനയുവളപ്പില്‍ ഹനീഷ് (25), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസില്‍ ശിവകുമാര്‍ (35), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തില്‍ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടില്‍ റോഷാന, ബസ് ഡ്രൈവര്‍ വെളിയനാട് സ്വദേശി ബൈജു (47), കണ്ടക്ടര്‍ എറണാകുളം സ്വദേശി ഗിരീഷ് (44) കര്‍ണാടകയിലെ തുംകൂര്‍ സ്വദേശി കിരണ്‍ കുമാര്‍ (33) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
തിരുപ്പൂര്‍, അവിനാശി സര്‍ക്കാര്‍ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ശേഷിക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 20 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. തിരുപ്പൂരിലേക്ക് 20 ആംബുലന്‍സുകള്‍ സര്‍ക്കാര്‍ അയച്ചുവെന്നും മന്ത്രി വ്യക്തമാക്കി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പാലക്കാട് കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിക്കാണ് തുടര്‍ നടപടികളുടെ ഏകോപന ചുമതല. മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ഒരുക്കുമെന്നും മുഖ്യമന്ത്രി.