തിരുവനന്തപുരം : നഗരൂരില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പള്ളിക്കല്‍ മടവൂര്‍ സ്വദേശികളായ കാര്‍ ഡ്രൈവര്‍ ഷിറാസ്, ജാഫര്‍ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രാഥമിക പരിശോധനയില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ കല്ലിംഗല്‍ കരിക്കകത്ത് വീട്ടില്‍ സുനില്‍ കുമാര്‍ ( 45 ), മകന് ശ്രീദേവ് (5) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂത്തമകന്‍ ശ്രീഹരി (15)യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്.
കിളിമാനൂരില്‍ നിന്നു അമിത വേഗതയില്‍ വന്ന ഫോര്‍ച്ച്യൂണര്‍ കാര്‍ നഗരൂര്‍ ഭാഗത്ത് നിന്നു വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ അമിത വേഗത കണ്ടു സുനില്‍ കുമാര്‍ ബൈക്ക് നിര്‍ത്തിയെങ്കിലും കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിന്നും ബൈക്കില്‍ നിന്നും തെറിച്ച് സമീപത്തെ റോഡിലേക്ക് വീണ ശ്രീദേവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. സുനില്‍ നിര്‍മാണ തൊഴിലാളിയാണ്. ഭാര്യ : കല്പന.