ഉതിമൂട് : റോഡ് ഉന്നതനിലവാരത്തിലായതോടെ അമിത വേഗവും കൂടി. പുനലൂർ–മൂവാറ്റുപുഴ പാതയിൽ മധ്യേയുള്ള സ്ഥിതിയാണിത്. കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോൾ വലിയകലുങ്ക്–വെളിവയൽപടി വരെയുള്ള ഭാഗം വീതി കൂട്ടി പണിതിരുന്നു. നിരപ്പ് റോഡാണിത്. പാതയുടെ നവീകരണം നടക്കും മുൻപും സർവീസ് ബസുകൾ അടക്കം ഓട്ടത്തിന്റെ സമയം ക്രമീകരിച്ചിരുന്നത് ഇവിടെ വേഗത്തിൽ ഓടിച്ചാണ്. ഇപ്പോഴും അതിനു മാറ്റമില്ല. നിരപ്പു പാതയിൽ ഡ്രൈവർ ഉറങ്ങിപ്പോയും തെറ്റായ ദിശയിലൂടെ കയറിയും അപകടങ്ങൾ സംഭവിക്കുന്നു. പത്തിലധികം മരണങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.
ബ്ലിങ്കർ ലൈറ്റുകളും മഞ്ഞ വരകളോടു കൂടിയ സ്ട്രിപ്പുകളുമൊക്കെ സ്ഥാപിച്ചാണ് അപകടങ്ങൾ നിയന്ത്രിച്ചത്. ജംഗ്ഷന്റെ ഇരുവശങ്ങളിലുമായി ഡിവൈഡറുകളും സ്തൂപികകളും സ്ഥാപിച്ചിരുന്നതും അപകടങ്ങൾ കുറയ്ക്കാൻ സഹായകമായിരുന്നു. എന്നാൽ അമിത വേഗത്തിലെത്തിയ വാഹനങ്ങളിടിച്ചുതന്നെ ഡിവൈഡറുകളും സ്തൂപികകളുമെല്ലാം നശിച്ചു. ഇപ്പോൾ ഒരു സ്തൂപിക മാത്രമാണുള്ളത്. അതും വാഹനമിടിച്ചു ചുളുങ്ങിയിരിക്കുകയാണ്. വേഗം നിയന്ത്രണത്തിനു സംവിധാനങ്ങളൊരുക്കാതെ അപകടങ്ങൾ ഒഴിവാക്കാനാകില്ല. 100 മീറ്റർ ഇടവിട്ട് സ്ട്രിപ്പുകൾ സ്ഥാപിച്ച് വേഗം നിയന്ത്രിക്കുകയാണു പ്രായോഗികം.