കോന്നി : സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉന്നത നിലവാരത്തിൽ പൂർത്തിയാകുന്നതിനോടൊപ്പം തന്നെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കുമ്പഴ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കുന്നു. അശ്രദ്ധമായ വാഹനയാത്രയാണ് കൂടുതലും അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നത്. കഴിഞ്ഞ ദിവസമാണ് മല്ലശേരിമുക്കിൽ കാറിൽ സ്‌കൂട്ടർ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി ആശുപത്രയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മരണപ്പെട്ടത്. കോന്നി ഇളകൊള്ളൂരിൽ കെഎസ്ആർറ്റിസി ബസ് പള്ളിയിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക് പറ്റിയതും അടുത്ത സമയത്തായിരുന്നു. കോന്നി ചിറ്റൂർ മുക്കിൽ ഓട്ടോ റിക്ഷയിൽ ബസ് ഇടിച്ച് വനിതാ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റതും സംസ്ഥാന പാതയിലെ അമിത വേഗതയിലാണ്.
കോന്നി പുളിമുക്കിലും കാർ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. അശ്രദ്ധമായ രീതിയിൽ വാഹനങ്ങളെ മറികടക്കുന്നതാണ് അപകടങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണം. കൂടാതെ ഇരുചക്ര വാഹന അത്രക്കാരുടെ വാഹനങ്ങളിലെ അമിത വേഗതയും സംസ്ഥാന പാതയിലെ അപകടങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണമാണ്. ഇട റോഡുകളിൽ നിന്നും പ്രധാന റോഡുകളിലേക്ക് കയറുന്ന ഭാഗങ്ങളിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നതും പല അപകടങ്ങൾക്കും പ്രധാന കാരണാമായി. സംസ്ഥാന അപാത നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഭാഗങ്ങളിൽ മതിയായ ദിശാ സൂചികകളും മുന്നറിയിപ്പ് ബോർഡുകളും ഇല്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്. കോന്നിയിൽ അമിത വേഗതയിൽ പാഞ്ഞുപോകുന്ന ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരും അപകടം ക്ഷണിച്ച് വരുത്തുന്നുണ്ട്. സംസ്ഥാന പാതയിൽ പോലീസ് – മോട്ടോർ വാഹന വകുപ്പുകൾ പരിശോധനകൾ കർശനമാക്കി മാറ്റിയെങ്കിലും മാത്രമേ സംസ്ഥാന പാതയിലെ വേഗപ്പാച്ചിലിനും അപകടങ്ങൾക്കും പരിഹാരമാവുകയുള്ളു.