കോന്നി : കോന്നിയിലെ റോഡുകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മല്ലശേരി മുക്കിനും കോന്നി സെൻട്രൽ ജംഗ്ഷനും ഇടയിൽ ഇരുപതോളം ചെറുതും വലുതുമായ അപകടങ്ങൾ ആണ് ഉണ്ടായത്. അപകടത്തിൽ ഗുരുതരമായും അല്ലാതെയും പരിക്കേറ്റ പത്തോളം ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടക്കം പ്രവേശിപ്പിച്ചിരുന്നു. ഇളകൊള്ളൂർ പാലത്തിന് സമീപം വാഹനാപകടത്തിൽ ഐരവൺ സ്വദേശിയുടെ വിരൽ മുറിഞ്ഞ് പോയിരുന്നു. ഇതിന് മുൻപ് ഓട്ടോറിക്ഷയും ഇവിടെ അപകടത്തിൽപെട്ടിരുന്നു.
റോഡിൽ പലയിടത്തും ദിശ സൂചികകൾ ഇല്ലാത്തതും അമിത വേഗവും അപകടങ്ങൾ വർധിപ്പിക്കുന്നുണ്ട്. കോന്നി തണ്ണിത്തോട് റോഡിലും വാഹനഅപകടങ്ങൾ തുടർകഥയാവുകയാണ്. കൊന്നപ്പാറയിൽ കുരിശുമൂടിന് സമീപം കോന്നിയിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അവസാനത്തെ അപകടം. അതുമ്പുംകുളം മുതൽ തണ്ണിത്തോട് വരെ ഉള്ള ഭാഗത്തും അപകടങ്ങൾ വർധിക്കുകയാണ്. ഇതേ റോഡിൽ ഞള്ളൂർ വന ഭാഗത്ത് ഭാരം കയറ്റി വന്ന ലോറി, കാറുകൾ, ബൈക്കുകൾ, ഓട്ടോ റിക്ഷ തുടങ്ങി നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു. പേരുവാലിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് വനത്തിലേക്ക് ഇടിച്ച് കയറിയ അപകടത്തിൽ യാത്രക്കാർ തലനാരിഴക്കാണ് രക്ഷപെട്ടത്. ഇതേ ഭാഗത്ത് റോഡിലെ തേക്കിൻ കുറ്റിയിൽ ഇടിച്ച് കാർ മറിഞ്ഞും അപകടം ഉണ്ടായി. കോന്നി തണ്ണിത്തോട് റോഡിൽ ഇരുചക്ര വാഹന യാത്രക്കാരുടെ അമിത വേഗത്തിൽ ഉള്ള യാത്രയും അപകടങ്ങൾ വർധിപ്പിക്കുന്നു.