കവിയൂർ : ടി.കെ.റോഡിൽ പുറമ്പോക്ക് കൈയേറുന്നത് പൊതുമരാമത്ത് കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. തോട്ടഭാഗം മുതൽ കറ്റോടുപാലം വരുന്ന ഭാഗങ്ങളിലാണിത് വ്യാപകം. വടയത്രപ്പടി ഭാഗത്ത് കൈയേറിയെന്ന ആക്ഷേപവും നിലനിൽക്കുന്നു. കോടികൾ വിലവരുന്ന സ്ഥലമാണ് നിരത്തുവിഭാഗത്തിന് നഷ്ടപ്പെടുന്നത്. എകദേശം രണ്ടുകിലോമീറ്റർ ദൂരത്തിൽ 30-അടിയോളം വീതിയിൽ വിസ്തൃതിയോടെ കിടക്കുന്ന സ്ഥലമാണിത്. മൂന്നുവർഷമായി ഇവിടം അന്യാധീനപ്പെടുന്ന നിലയിലാണ്. ഇവിടെ നിർമാണം നടന്ന ഫ്ളാറ്റിന് സമീപം വഴിയോരത്തായി മാലിന്യം തള്ളുന്നുമുണ്ട്.
കൈയേറിയ ഇടങ്ങളിൽ ടെന്റുകൾകെട്ടി കടകൾ നടത്തുന്നതിന് വ്യക്തികൾ ദിവസവാടക മേടിക്കുന്നതായും ആക്ഷേപമുണ്ട്. ടി.കെ.റോഡിന്റെ പുനരുദ്ധാരണത്തിന് കുഴിയായി കിടന്നിരുന്ന വഴിയോരങ്ങൾ ഏഴുവർഷം മുന്നേ പൊതുമരാമത്ത് നികത്തിയെടുത്തു. കൈവശമുള്ള ഭൂമിയുടെ കാര്യത്തിൽ അധികൃതർ വേണ്ടത്ര ശ്രദ്ധിക്കാത്തത് ആർക്കും ഇവിടം സ്വന്തമാക്കാമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നു. മനയ്ക്കച്ചിറ പെട്രോൾപമ്പിന് സമീപം വഴിയോരം കൈയേറി സൗന്ദര്യവത്കരണത്തിനുള്ള പ്രവൃത്തികൾവരെ നടത്തിയിരുന്നു. ഒടുവിൽ പൊതുമരാമത്ത് ഇടപെട്ടിത് നീക്കുകയായിരുന്നു.