തിരുവനന്തപുരം: ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങൾ പ്രവഹിക്കവേ, പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകാലങ്ങളിലേതുപോലെ മുഖ്യമന്ത്രിക്കു കവചമൊരുക്കാൻ നേതാക്കൾ കാര്യമായി രംഗത്തിറങ്ങിയിട്ടില്ല. സി.പി.എം. സൈബർ പടയാളികളും മൗനത്തിലാണ്. ചാനൽച്ചർച്ചകൾക്കും സി.പി.എം. നേതാക്കളെ കിട്ടാനില്ല. മാധ്യമങ്ങളുടെ നിർബന്ധത്തിനു വഴങ്ങി സി.പി.എം. സഹയാത്രികരേ എത്തുന്നുള്ളൂ. ആഭ്യന്തരവകുപ്പിനെ ഉന്നമിട്ടുള്ള വെളിപ്പെടുത്തലുകളിൽ വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിതന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാർട്ടി. പി.ബി. അംഗങ്ങളായ എം.എ. ബേബിയും എ. വിജയരാഘവനുമൊക്കെ തൃശ്ശൂർ ഒത്തുകളിവിവാദത്തിൽ പ്രതികരിച്ചെങ്കിലും എ.ഡി.ജി.പി.യുടെ കാര്യത്തിൽ പ്രതിരോധത്തിനു മുതിർന്നില്ല.
എ.കെ. ബാലൻ, സജി ചെറിയാൻ, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരൊഴികെ മറ്റു മന്ത്രിമാരോ നേതാക്കളോ ആരുംതന്നെ പ്രതികരണത്തിനു മുതിർന്നില്ല. ആർ.എസ്.എസ്.-എ.ഡി.ജി.പി. കൂടിക്കാഴ്ച ലഘൂകരിച്ചെന്ന് വിമർശനമുണ്ടായപ്പോൾ അതിലൊക്കെ സർക്കാർ നടപടിയെടുക്കുമെന്നും പാർട്ടിയുമായി കൂട്ടിക്കെട്ടേണ്ടെന്നും വ്യക്തമാക്കി എം.വി. ഗോവിന്ദൻ വിവാദങ്ങളുടെ ഉത്തരവാദിത്വവും പരിഹാരവുമൊക്കെ മുഖ്യമന്ത്രിയുടെ തലയിൽവെച്ചു. ഗൗരവമുള്ള പ്രശ്നങ്ങളിൽ നടപടിയാവശ്യപ്പെട്ട സി.പി.ഐ.യാവട്ടെ, മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല.