ആലപ്പുഴ: കർണാടകയിൽ നിന്നും മയക്കുമരുന്ന് കടത്തിയ യുവാവ് കായംകുളത്ത് പിടിയിൽ. വള്ളികുന്നം സ്വദേശി സഞ്ചുവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 84 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ബസ് കാത്തുനിൽക്കെ കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള കമലാലയം ജംഗ്ഷനിൽ വെച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വള്ളികുന്നം ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇയാളാണ്.
ഇയാളുടെ ഭാര്യയും മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സഞ്ചുവിന്റെ വീട്ടിൽ നിന്ന് ധാരാളം ചെറുപ്പക്കാർ മയക്കുമരുന്ന് വാങ്ങാറുണ്ടെന്നും എന്നാൽ പോലീസ് പരിശോധന നടത്തുമ്പോൾ ഒന്നും കണ്ടെത്താൻ സാധിക്കാറില്ലെന്നും ആക്ഷേപമുണ്ട്. ബെംഗളൂരുവിൽ നിന്ന് നേരിട്ട് വാങ്ങി കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും ഗ്രാമിന് മുവായിരം മുതൽ അയ്യായ്യിരം രൂപയ്‌ക്ക് വരെയാണ് വിൽക്കുന്നതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കാപ്പാ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ്. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായവരിൽ നിന്നും ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. കഴിഞ്ഞ ഒരു മാസമായി ജില്ലാ ആന്റി നർക്കോട്ടിക് ടീം ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു. നർക്കോട്ടിക് സെൽ ഡി വൈ എസ് പി സജിമോന്റ നേതൃത്വത്തിലുള്ള സ്‌ക്വാഡും കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേത്വത്വത്തിലുള്ള പ്രത്യേക സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.