തിരുവനന്തപുരം: ക്ഷീര കർഷകനെ ആക്രമിച്ച് പണം കവർന്ന കേസിലെ പ്രതികൾ റിമാൻഡിൽ. വെമ്പായം കൊഞ്ചിറ സ്വദേശികളായ അജിത് കുമാർ(37), അസീം(42) ആലിയാട് സ്വദേശി സുധീഷ്(25), വാമനപുരം വാര്യംകോണം സ്വദേശി കിച്ചു (31) എന്നിവരായിരുന്നു സംഭവത്തിൽ അറസ്റ്റിലായത്. ക്ഷീര കർഷകനായ വലിയകട്ടയ്ക്കാൻ മുരൂർക്കോണം സ്വദേശി അനിൽ കുമാറിനെയാണ് ഇവർ ആക്രമിച്ച് പണം തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തന്റെ ഡയറി ഫാമിൽ രാത്രി പശുക്കളെ നോക്കാനെത്തിയ അനിൽ കുമാർ ഗേറ്റ് തുറന്ന് തൊഴുത്തിലേക്ക് കയറിയ ഉടനെ പതിയിരുന്ന പ്രതികൾ മുഖം മൂടി ധരിച്ച് അനിൽ കുമാറിനെ മർദിക്കുകയായിരുന്നു.
മർദ്ദിച്ചവശനാക്കിയ ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കൈക്കലാക്കിയ ഇവർ പിൻ നമ്പർ ചോദിച്ചറിഞ്ഞ ശേഷം അക്കൗണ്ടിൽ നിന്നും 16000 രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി അയക്കുകയുമായിരുന്നെന്നാണ് പരാതി. വെഞ്ഞാറമ്മൂട് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നു പിടികൂടുകയായിരുന്നു. ഇവർ പണം അയച്ച അക്കൗണ്ടും പോലീസ് പരിശോധിച്ച് തെളിവ് ശേഖരിച്ചു. പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.