ലഖ്നൗ: ബംഗ്ലാദേശികള്‍ എന്നാരോപിച്ച് ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ബുള്‍ഡോസര്‍ രാജ്. 8,500 ചെറുതും വലുതുമായ വീടുകള്‍ പൊളിച്ചുനീക്കി. നടപടി നേരിട്ടവരിൽ ഭൂരിഭാഗവും ആധാറും വോട്ടർ ഐഡിയുമുള്ള ഇന്ത്യൻ പൗരൻമാരാണെന്ന് മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു. ബംഗ്ലാദേശികള്‍ക്കെതിരായ നടപടിയെന്ന് അവകാശപ്പെട്ടാണ് പതിനായിരങ്ങളെ ഒഴിപ്പിച്ചത്. അഹമ്മദാബാദിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ചന്ദോള തടാകത്തിനു സമീപത്താണ് അനധികൃത നിര്‍മാണമാരോപിച്ച് ബുള്‍ഡോസര്‍ രാജ്. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച ചെറിയ രണ്ടുമുറി കുടില്‍ മുതല്‍ കോണ്‍ക്രീറ്റ് നിര്‍മിത വീടുകള്‍ ഉള്‍പ്പെടെ തകര്‍ത്തു. ഈ മാസം ആദ്യം തുടങ്ങിയ പൊളിക്കല്‍ നടപടിയുടെ രണ്ടാംഘട്ടമായി പൂര്‍ത്തിയാക്കുകയിരുന്നു.
വീടുകൾ പൂർണമായും പൊളിച്ചുനീക്കിയതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ കിടപ്പാടം നഷ്ടമായി തെരുവിലായി. റോഹിങ്ക്യകളെയാണ് ഒഴിപ്പിച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെടുമ്പോഴും ഭൂരിഭാഗം പേരും ആധാറും വോട്ടര്‍ ഐഡിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരാണെന്ന് മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമായി.അമ്പതോളം ജെസിബികളും ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പൊളിച്ചത്. മുവായിരത്തോളം പൊലീസിനെയും വിന്യസിച്ചിരുന്നു. രണ്ടരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം ഒഴിപ്പിച്ചതായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. തടാകത്തിന്‍റെ അടിത്തട്ടിന്‍റെ ആഴം കൂട്ടുന്നതിനുള്ള ജോലികളും ആരംഭിച്ചു. ഭാവിയില്‍ കൈയേറ്റം തടയുന്നതിനായി പരിസരത്തിന് ചുറ്റും അതിര്‍ത്തി ഭിത്തിയുടെ നിര്‍മാണം ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.