പത്തനംതിട്ട: എട്ടുവയസുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 105 വർഷം കഠിന തടവും 2,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ഒന്ന് കോടതി. കണ്ണൂർ ഇരിവേശി കുനിയൻ പുഴ അരിക്കമല ചേക്കോട്ടു വീട്ടിൽ കുട്ടായി എന്ന ഹിതേഷ് മാത്യു (30)ആണ് ശിക്ഷിക്കപ്പെട്ടത്. വെച്ചൂച്ചിറ പോലീസ് 2020 മേയ് 17 ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകണം. അടച്ചില്ലെങ്കിൽ പ്രതിയുടെ വസ്തുക്കളിൽ നിന്നും കണ്ടുകെട്ടി കണ്ടെത്തി നൽകാനും വിധിയിൽ പറയുന്നു. ജഡ്ജി ജി പി ജയകൃഷ്ണൻ ആണ് ശിക്ഷ വിധിച്ചത്.
2019 ജനുവരി ഒന്നിനും ഏപ്രിൽ ഒന്നിനും ഇടയിലുള്ള കാലയളവിൽ ഒരു ദിവസം രാത്രി പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അന്നത്തെ വെച്ചൂച്ചിറ പോലീസ് ഇൻസ്‌പെക്ടർ ആർ സുരേഷ് ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അന്ന് വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന സാലി ജോൺ ആണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി പ്രത്യേകം പ്രത്യേകം കാലയളവ് ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ജെയ്സൺ മാത്യൂസ്, സ്മിത പി ജോൺ എന്നിവർ കോടതിയിൽ ഹാജരായി. എസ് സി പി ഓ ആൻസി കോടതി നടപടികളിൽ സഹായിയായി.