പാലക്കാട്: അനങ്ങനടി കോതകുറുശ്ശിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോതകുറുശ്ശി ഗാന്ധിനഗർ സ്വദേശി കൃഷ്ണദാസിനെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. 2022 സെപ്റ്റംബർ 28 നാണ് പ്രതി ഭാര്യയെ വെട്ടി കൊലപ്പെടുത്തുകയും മകളെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കൂടാതെ വിവിധ വകുപ്പുകളിലായി 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കഠിന തടവിനോടൊപ്പമുള്ള ഒരുലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവും വിവിധ വകുപ്പുകളിൽ ആയുള്ള ഒരു ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ഏഴുവർഷം അധിക തടവും അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.
2022 സെപ്റ്റംബർ 28 ന് പുലർച്ചെ 1.30 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ വെച്ച് ഭാര്യ രജനിയെ കൃഷ്ണദാസ് മടവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംശയമായിരുന്നു കാരണം. മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മൂന്നു മക്കളിൽ ഒരാളായ 13 കാരിയെയും കൃഷ്ണദാസ് കൊലപ്പെടുത്താൻ ശ്രമിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി മുരളീധരനാണ് ഹാജരായത്. കേസില്‍ 40 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകൾ ഹാജരാക്കുകയും ചെയ്തു.