തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പിതാവ് ജയപ്രകാശ്. മുഴുവൻ പ്രതികളും പിടിയിലായെങ്കിലും നിലവിൽ ചുമത്തിയിരിക്കുന്നത് ദുർബല വകുപ്പുകൾ ആണെന്ന് കുടുംബം ആരോപിക്കുന്നു. മകൻറെ മരണത്തിൽ നിയമ പോരാട്ടം തുടരാൻ തന്നെയാണ് കുടുംബത്തിന്‍റെ തീരുമാനം.
നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് കുടുംബം പറയുമ്പോഴും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പ് വരുത്തണമെന്ന് സിദ്ധാർഥന്‍റെ പിതാവ് പറയുന്നു. റാഗിങ്ങിനെതിരായ ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കരുത്. രണ്ടോ മൂന്നോ വർഷം മാത്രം ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്ന് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് ആവശ്യപ്പെടുന്നു. നിലവിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിലും മറ്റ് കാര്യങ്ങൾ കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കാനാണ് കുടുംബം ആലോചിക്കുന്നത്.