പത്തനംതിട്ട : മുന്‍വിരോധത്താല്‍ യുവാവിനെ കല്ലു കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ പാമ്പേറ്റുമല സോജു ഭവന്‍ വീട്ടില്‍ കെ സോജു (35) വാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം മലയാലപ്പുഴ ക്ഷേത്രത്തിനു മുന്നിലെ റോഡില്‍ വെച്ച് കടുവാക്കുഴി രമ്യാ ഭവനില്‍ രാഹുല്‍ കൃഷ്ണനാണ് പാറക്കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ മാരകമായി തലയ്ക്ക് പരുക്കേറ്റത്. സോജുവിനോട് വിരോധത്തില്‍ കഴിയുന്നയാളുമായി രാഹുല്‍ സഹകരിക്കുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. രണ്ടുതവണ രാഹുലിന്റെ തലയ്ക്ക് കല്ലു കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് കൈകൊണ്ട് മൂക്കിലും പുറത്തും ഇടിച്ചു. രാഹുലിന്റെ കൂട്ടുകാര്‍ ഇടപെട്ട് പ്രതിയെ പിന്തിരിപ്പിക്കുകയായിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കപ്പെട്ട രാഹുലിന്റെ മൊഴി രേഖപ്പെടുത്തി മലയാലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാഹുലിന്റെ തലയില്‍ ആറു തുന്നല്‍ ഇടേണ്ടി വന്നു. സോജുവിനെ ക്ഷേത്രത്തിനു സമീപത്തുനിന്നും ഉടനടി പോലീസ് കസ്റ്റഡിയിലെടുത്തു. 2021 ല്‍ മലയാലപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത ദേഹോപദ്രവക്കേസില്‍ ഉള്‍പ്പെട്ട പ്രതിയാണ് സോജു. പോലീസ് ഇന്‍സ്‌പെക്ടര്‍ ജി സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ പ്രസന്നന്‍ പിള്ള, എസ് സി പി ഓമാരായ എം എ ഇര്‍ഷാദ്, സുബീക് റഹിം, വൈശാഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.