തിരുവനന്തപുരം : ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് ലഭിച്ച നോട്ടിസില്‍ ഇന്ന് രാത്രി അച്ചടക്ക സമിതി നോട്ടിസില്‍ വിശദീകരണം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല. കയറ്റിവിടാത്ത ഇടത്തേക്ക് എങ്ങനെ കയറിചെല്ലാനാകുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 22 പേര്‍ പങ്കെടുക്കുന്ന നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെ.വി തോമസിന് ക്ഷണമില്ല എന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് നാളെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ.വി തോമസ് പറഞ്ഞത്. എഐസിസി അംഗം കൂടിയായ കെ.വി തോമസിനെതിരെ ഹൈക്കമാന്‍ഡിനൊപ്പം എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയും കൂടിയാണ് നടപടി സ്വീകരിക്കുക.
സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ.സുധാകരന്‍ നല്‍കിയ പരാതിയിലാണ് ഹൈക്കമാന്‍ഡ് കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാണ് നടപടി. കെ.വി തോമസ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെടുകയായിരുന്നു. കെ.വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് താരിഖ് അന്‍വറും പ്രതികരിച്ചിരുന്നു.