പത്തനംതിട്ട : ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ബന്ധുവിനെ ഉടനടി അറസ്റ്റ് ചെയ്ത് ആറന്മുള പോലീസ്. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യു (38)വിനാണ് മുഖത്തും ശരീരത്തും ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തില്‍ അയല്‍വാസിയും അമ്മാവനുമായ പുതുപ്പറമ്പില്‍ വീട്ടില്‍ ബിജു വര്‍ഗീസ്(55) പിടിയിലായി. ഇയാള്‍ക്കും അമ്മാവന്‍ ബിജുവര്‍ഗീസിനും കൂലിപ്പണിയാണ്. ഇരുവരും എല്ലാ ദിവസവും ജോലി കഴിഞ്ഞുവന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ട്. പതിവുപോലെ ഇന്നലെ രാത്രിയും രണ്ടും പേരും ചേര്‍ന്നിരുന്നു മദ്യപിച്ചു. വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ രാത്രി 10.30 ന് ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് കൊല്ലണമെന്ന ഉദ്ദേശത്തോടെ വര്‍ഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു.
ആസിഡ് വായിലും കണ്ണിലും മുഖത്തും അരയ്ക്കു മുകളില്‍ പൂര്‍ണമായും വീണു പൊള്ളലേറ്റും. കണ്ണ് കാണാന്‍ കഴിയാത്ത നിലയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മുമ്പും ബിജുവിന്റെ ഭാഗത്തുനിന്നും ആക്രമണം മകന് നേരിടേണ്ടി വന്നിട്ടുണ്ടെന്നു വര്‍ഗ്ഗീസിന്റെ അമ്മ ആലീസ് വര്‍ഗീസ് പോലീസിനോട് പറഞ്ഞു. മകനോടുള്ള വിരോധത്താല്‍ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഇപ്പോള്‍ ഇപ്രകാരം ചെയ്തതെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവം അറിഞ്ഞു വീട്ടിലെത്തിയപ്പോള്‍ പോലീസ് ബിജു വര്‍ഗ്ഗീസിനെ വീട്ടില്‍ കണ്ടില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.