പത്തനംതിട്ട : വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി. ഇക്കാര്യത്തില്‍ നടപടി എടുക്കുന്നതിന് എല്ലാ എസ് എച്ച് ഒ മാര്‍ക്കും നിര്‍ദേശം നല്‍കിയതായും സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവരെ നിരീക്ഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി പി.ബി രാജീവ് അറിയിച്ചു.
കുട്ടികളുമായി പൊതുസ്ഥലത്തു വരുന്ന രക്ഷകര്‍ത്താക്കള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്ന വാര്‍ത്ത കഴിഞ്ഞദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രക്ഷകര്‍ത്താക്കളില്‍നിന്നും 2000 രൂപ പിഴ ഈടാക്കുമെന്നും വ്യാജവാര്‍ത്തയില്‍ ഉണ്ടായിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും പ്രചാരകരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയതായും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതുമായ വ്യാജപ്രചാരണങ്ങള്‍ പരക്കെയുള്ളതിനാല്‍ ആളുകളെ നിജസ്ഥിതി അറിയിക്കാന്‍ പോലീസിന് ബാധ്യതയുണ്ടെന്നും എല്ലാ പോലീസുദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.