തൃശൂർ: മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാതയില കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി കെ രാജന്‍. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ദേശീയ പാതയിൽ കുരുക്ക് അനുഭവപ്പെട്ടിരിക്കുന്നത്. മഴക്കാലം തുടങ്ങിയതോടെ ദേശീയപാതയിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ അതിരൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നുണ്ട്. മണ്ണുത്തി മേഖലയിലെ മുടിക്കോട്, കല്ലടിക്ക് പ്രദേശത്ത് രാവിലെയും വൈകുന്നേരവും കിലോമീറ്ററുകൾ നീണ്ട ഗതാഗത കുരുക്കാണ്. സർവീസ് റോഡുകൾ തകർന്നതും വാഹന യാത്ര ദുഷ്കരമാകുന്നു. സർവീസ് റോഡുകളെല്ലാം തകർന്ന് ചെളി നിറഞ്ഞു.
മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദേശീയ പാതയിലെ മുടിക്കോട്, കല്ലിടുക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുകയും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാൻ ദേശീയ പാത അതോറിറ്റി അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. തഹസില്‍ദാര്‍ ജയശ്രീയും പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് പി പി രവീന്ദ്രനും ഒല്ലൂര്‍ എ സി പി സുധീരനും അടങ്ങിയ സംഘം ഈ പ്രവൃത്തികള്‍ ദൈനം ദിനം നിരീക്ഷിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് മോണിറ്ററിംഗ് സമിതി അംഗങ്ങള്‍ മുടിക്കോടും കല്ലിടുക്കും സന്ദര്‍ശിക്കുകയും ചെയ്തു.
നിലവില്‍ മുടിക്കോട് ക്ഷേത്രത്തിനു മുന്നിലായി വീതി കുറഞ്ഞ സര്‍വ്വീസ് റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അടിപാതയ്ക്ക് വേണ്ടിയെടുത്ത കുഴിയില്‍ മണ്ണിട്ട് നികത്തി 2 വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. മണ്ണ് ഫില്‍ ചെയ്യുന്ന പ്രവര്‍ത്തനം പുരോമിക്കുകയാണ് . ഫില്ലിംഗ് പൂര്‍ത്തീകരിച്ച ശേഷം അത് റോഡ് റോളര്‍ ഉപയോഗിച്ച് ഫിക്സ് ചെയ്യുന്ന പ്രവര്‍ത്തനമാണ് നടക്കുക. അതിനു ശേഷം ടാര്‍ വേസ്റ്റ് ഉപയോഗിച്ച് സെറ്റ് ആക്കിയ ശേഷം വാഹനങ്ങള്‍ കടത്തി വിടും. കൂടാതെ സര്‍വ്വീസ് റോഡരികില്‍ സ്ഥിതി ചെയ്യുന്ന 2 ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്ന നടപടികളും ഉടന്‍ ആരംഭിക്കും.