കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. സൗബിന് പുറമേ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു മരട് പോലീസിന്റെ നടപടി. അറസ്റ്റ് ഉണ്ടായാലും സൗബിനെ ജാമ്യത്തിൽ വിട്ടയക്കണം എന്ന കോടതി വ്യവസ്ഥ ഉള്ളതിനാലാണ് സ്റ്റേഷൻ ജാമ്യം നൽകിയത്. മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ തുടർച്ചയായ രണ്ടാം ദിവസമാണ് സൗബിൻ ഷാഹിറിനെ പോലീസ് ചോദ്യം ചെയ്യുന്നത്. പരാതിക്കാരനായ സിറാജ് വലിയതുറയുടെ പണം മുഴുവൻ തിരികെ നൽകിയിരുന്നതായി സൗബിൻ മൊഴി നൽകി.
പരാതിക്കാരനായ സിറാജ് വലിയതുറയിൽ നിന്ന് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാണത്തിനായി വാങ്ങിയ 6 കോടി 50 ലക്ഷം രൂപ ചിത്രം റിലീസായി 2 ആഴ്ചയ്ക്കുള്ളിൽ മടക്കി നൽകിയെന്നാണ് സൗബിന്റെ മൊഴി. രണ്ട് മാസം മുൻപാണ് സിനിമയുടെ മുഴുവൻ ലാഭവും ലഭിച്ചത്. ഇതിനിടയിലാണ് സിറാജ് കേസ് കൊടുത്തത്. തന്നെ മാധ്യമങ്ങളിൽ വാർത്ത നൽകി ഭീഷണിപ്പെടുത്തി പണം വാങ്ങാനാണ് പരാതിക്കാരൻ ശ്രമിക്കുന്നതെന്നും സൗബിൻ ആരോപിച്ചു. സൗബിന് പുറമേ പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയും പോലീസ് ചോദ്യം ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ പറവ പ്രൊഡക്ഷൻസിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്നായിരുന്നു പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.