എന്തുകൊണ്ടായിരിക്കും യുവ നടൻമാരിൽ ദുൽഖർ സൽമാന് ഇത്രയധികം ആരാധകർ? നടന്റെ സൂപ്പർ കൂൾ ലുക്ക് തന്നെയാണ് അദ്ദേഹത്തിലേക്ക് ആരാധകരെ അടുപ്പിക്കുന്നതെന്ന് നിസംശയം പറയാം. എന്നാൽ ഈ ലുക്ക് അങ്ങനെ വെറുതെ ഉണ്ടാകില്ല കേട്ടോ. കൃത്യമായ ഡയറ്റും വർക്ക് ഔട്ടുകളും തന്നെയാണ് 37ാം വയസിലും ദുൽഖർ കോളേജ് പയ്യനെ പോലെ വിലസി നടക്കാൻ സഹായിക്കുന്നത്. തന്റെ ശരീര സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ കാർഡിയോയും വെയ്റ്റ് ട്രെയിനിംഗുമടക്കം എല്ലാ വർക്കൗ ഔട്ടുകളും ദുൽഖർ ചെയ്യാറുണ്ട്. അതോടൊപ്പം തന്നെ യോഗയും മെഡിറ്റേഷനും താരത്തിന്റെ ദിനചര്യയുടെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. ഉറക്കത്തിന്റെ കാര്യത്തിലും ദുൽഖർ സൽമാൻ യാതൊരു വിട്ടുവീഴ്ചയും താരം നടത്താറില്ല. കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറക്കം നടക്കുന്നുണ്ടെന്ന് ദുൽഖർ ഉറപ്പാക്കാറുണ്ട്. അധിക മധുരത്തോടും ബൈ പറഞ്ഞിരിക്കുകയാണ് താരം. കൂടാതെ ദിവസവും രണ്ടോ മൂന്നോ ലീറ്റർ വെള്ളം കുടിക്കുന്നുണ്ടെന്നും ദുൽഖർ ഉറപ്പാക്കും. ഇനി ദുൽഖറിന്റെ ഡയറ്റ് എന്തൊക്കെയെന്ന് നോക്കാം
ആരോഗ്യം പരിപാലിക്കാൻ രാവിലെ ഗ്രീൻ ടീ കുടിക്കുന്നവരാണ് പലരും. എന്നാൽ തന്റെ ദിവസം തുടങ്ങുന്നത് ഒരു കാപ്പി കുടിച്ചിട്ടാണെന്നാണ് ദുൽഖർ വെളിപ്പെടുത്തിയിരുന്നു. ദുൽഖറിൻറെ അച്ഛനും നടനുമായ മമ്മൂട്ടി തന്റെ ബ്രേക്ക് ഫാസ്റ്റിൽ ഓട്സും മുട്ടയുടെ വെള്ളയുമൊക്കെയാണ് ഉൾപ്പെടുത്താറുള്ളത്. മാത്രമല്ല കാപ്പി പോലുള്ള പാനീയങ്ങൾ കഴിക്കാറുമില്ല. എന്നാൽ നേരെ തിരിച്ചാണ് ദുൽഖർ. ഇഡ്ഡലിയും അവക്കാഡോയും മുട്ടയുമൊക്കെയാണ് ദുൽഖറിന്റെ പ്രാതൽ ഭക്ഷണം. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ധാരാളം പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയ ഭക്ഷണമാണ് താരം കഴിക്കാറുള്ളത്. മാത്രമല്ല മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ ഒരു പഴവും പ്രോട്ടീൻ ഡ്രിങ്കും താരം കഴിക്കാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ചില അവസരങ്ങളിൽ ഈ ഡയറ്റിന്റെ കാര്യത്തിലൊക്കെ വിട്ടുവീഴ്ച ചെയ്യുന്ന ആൾ കൂടിയാണ് ദുൽഖർ. തനിക്ക് ബിരിയാണി കഴിക്കാൻ വലിയ ഇഷ്ടമാണെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഏത് ദിവസം ബിരിയാണി കിട്ടിയാലും കഴിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് താൻ എന്നും നടൻ പറയുന്നു.