53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനായി നടന്‍ മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ആശംസകളുമായി നിരവധി പോരാണ് എത്തുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി ആറാം തവണയും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. 13 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയെ തേടി സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം എത്തുന്നത്. 41 വർഷത്തിനിടെ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ് മമ്മൂട്ടി സ്വന്തമാക്കിയത്. മൂന്ന് തവണ ദേശീയ പുരസ്ക്കാരവും ലഭിച്ചു.
ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ നെടുമ്പാശേരി ഗോൾഫ് കോഴ്സിൽ തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു നടൻ മമ്മൂട്ടി. ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സെറ്റിലെത്തിയത്. പുരസ്ക്കാര നേട്ടത്തിൽ മാധ്യമങ്ങൾ അന്വേഷിക്കുന്നതായി നിർമാതാവ് ആന്റോ ജോസഫിന്റെ വിളിയെത്തിയപ്പോൾ മമ്മുട്ടി പറഞ്ഞു “പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം. വൈകാതെ സെറ്റിൽ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി. അവാർഡ് വിവരമറിഞ്ഞ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വീട്ടിലെത്തി ആശംസകൾ അറിയിച്ചിരുന്നു.
‘മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്കാരമികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയത്തികവ്. ജെയിംസ് എന്ന മലയാളിയിൽ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടു ദേശങ്ങൾ, രണ്ടു ഭാഷകൾ, രണ്ടു സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാപ്രതിഭ’ – എന്നാണ് മമ്മൂട്ടിയുടെ പ്രകടനത്തെ ജൂറി വിലയിരുത്തിയത്.