കോഴിക്കോട്: നടന്‍ മാമുക്കോയ (76) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. കണ്ണംപറമ്പ് ഖസര്‍സ്ഥാനില്‍ നാളെയാണ് സംസ്‌കാരം.
തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ മലപ്പുറം വണ്ടൂരില്‍, പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷം മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ കോഴിക്കോടേയ്ക്ക് കൊണ്ടുവരികയായിരുന്നു. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള പ്രതിഭകള്‍ റോളിനായി ശുപാര്‍ശ ചെയ്ത പ്രതിഭയായിരുന്നു മാമുക്കോയ. കോഴിക്കോട് പള്ളിക്കണ്ടിയില്‍ മമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെയും മകനായി 1946ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹം വളര്‍ന്നത് ജേഷ്ഠന്റെ സംരക്ഷണയിലാണ്.