കൊച്ചി: ഷൂട്ടിങ്ങിനിടെ പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കാലിലെ പരുക്കിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായ പൃഥ്വിരാജിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ പൃഥ്വിരാജ് സംവിധായകനായ എമ്പുരാന്റെയും നായകനായ നിരവധി ചിത്രങ്ങളുടെ ഷൂട്ടിങും പ്രീപ്രൊഡക്ഷനുമടക്കം അനിശ്ചിതാവസ്ഥയിലായി.കാലിലെ ലിഗമെന്റിന് പരുക്കേറ്റ പൃഥ്വിരാജിന് രാവിലെയാണ് കീഹോള്‍ ശസ്ത്രക്രിയ നടത്തിയത്. കുറഞ്ഞത് രണ്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇന്നലെ ഉച്ചയ്ക്ക് മറയൂരില്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരുക്കേറ്റത്.
സംഘട്ടന രംഗത്തിനിടെ പരുക്കേറ്റ നടനെ ഉടന്‍തന്നെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജുലൈ മൂന്നിന് യു.എസിലേക്ക് പോകാനിരിക്കുകയായിരുന്നു പൃഥ്വിരാജ്. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തല്‍ക്കാലം നീട്ടിവച്ചു. വിലായത്ത് ബുദ്ധ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ മലയാളചിത്രങ്ങളിലാണ് നിലവില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. ഇതിന് പുറമെ പൃഥ്വിരാജുമായി ബന്ധപ്പെട്ട പല ചിത്രങ്ങളുടെയും പ്രീപ്രൊഡക്ഷന്‍ ജോലികളടക്കം നിലവിലെ സാഹചര്യത്തിൽ നീട്ടിവയ്ക്കും.