ടസ്കനി: പ്രശസ്ത തെലുഗ് നടന്‍ വരുണ്‍ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ബുധനാഴ്ച ഇറ്റലിയിലെ ടസ്കനിയിലെ ബോർഗോ സാൻ ഫെലിസ് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. ആന്ധ്രയിലെ പ്രശസ്തമായ കൊനിഡേല കുടുംബാംഗമാണ് വരുണ്‍ തേജ്. തെലുഗ് സൂപ്പര്‍താരം ചിരഞ്ജീവിയുടെ സഹോദരനും നടനുമായ നാഗേന്ദ്ര ബാബുവിന്‍റെ മകനാണ് വരുണ്‍. ”നവദമ്പതികളായ വരുണിനും ലാവണ്യക്കും വേണ്ടി നിങ്ങളുടെ അനുഗ്രഹം ഞാന്‍ തേടുന്നു” വിവാഹചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നാഗേന്ദ്ര ബാബു എക്സില്‍ കുറിച്ചു.
ചിരഞ്ജീവി,രാം ചരണ്‍, അല്ലു അര്‍ജുന്‍, അല്ലു അരവിന്ദ്, സായി ധരം തേജ്, പഞ്ചാ വൈഷ്ണവ് തേജ് എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഹൈദരാബാദിലും ഡെറാഡൂണിലുമായി രണ്ട് വിവാഹ സല്‍ക്കാരങ്ങളും നടക്കും. “വിവാഹം അവരുടെ വിവാഹനിശ്ചയം പോലെ തന്നെ വളരെ സ്വകാര്യമായിരിക്കും. അതുകൊണ്ട് തന്നെ അവരുടെ സുഹൃത്തുക്കൾക്കും സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും വേണ്ടിയായിരിക്കും ഹൈദരാബാദിലെ സ്വീകരണം. ലാവണ്യ അവിടെ വളർന്നതിനാൽ ഡെറാഡൂണിലെ സ്വീകരണം അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്ക് വേണ്ടിയാണ്” ഹൈദരാബാദ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.