ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി നൽകിയ അപേക്ഷ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിക്കുന്നത്. ആറുമാസം കൂടി സമയം അനുവദിക്കണം എന്നാണ് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് വിചാരണ കോടതി ജഡ്ജി ഹണി എം.വർഗീസ് വിചാരണ പൂർത്തിയാക്കാൻ ആറു മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്തു നൽകുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ലോക് ഡൗണും കോടതിയുടെ പ്രവർത്തനം തടസ്സപെടുത്തിയതിനാലാണ് സുപ്രീം കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ വാദം കേൾക്കലും വിധി പ്രസ്താവനവും പൂർത്തിയാക്കാൻ കഴിയാത്തതെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിക്ക് കൈമാറിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം ഓഗസ്റ്റ് മൂന്നിന് കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ആണ് കഴിഞ്ഞ മാസം 19-ന് ഹൈക്കോടതി രജിസ്ട്രി മുഖേനെ ഹണി എം. വർഗീസ് സുപ്രീംകോടതിക്ക് കത്ത് നൽകിയത്. നടൻ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് 2019 നവംബർ 29-ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാരണം വിചാരണ നീണ്ടുപോകുകയായിരുന്നു. ഇതിനിടയിൽ വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ടു തവണ സുപ്രീംകോടതി വിചാരണ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടി നൽകിയിരുന്നു. ഇനി ഒരിക്കൽക്കൂടി സമയം നീട്ടി നൽകില്ലെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ തവണ വിചാരണ കോടതി ജഡ്ജിയുടെ ആവശ്യത്തിൽ സുപ്രീം കോടതി ഉത്തരവ് ഇറക്കിയത്.