ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്‍റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടിയാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ്മാരായ ദിനേശ് മഹേശ്വരി, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.