കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം കൊച്ചിയിലെ കോടതിയിൽ ഇന്നും തുടരും. നടി ഭാമയെയാണ് പ്രോസിക്യൂഷൻ വിസ്തരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന മുൻ വൈരാഗ്യത്തെക്കുറിച്ചാണ് പ്രൊസിക്യൂഷൻ സിനിമാ പ്രവർത്തകരിൽ നിന്ന് വിവരം തേടുന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകിയ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ ഇന്നലെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.
നടിയെ ആക്രമിച്ച കേസിൽ പൊലീസിന് മുമ്പ് നൽകിയ മൊഴി പൂർണമായി തളളിപ്പറഞ്ഞാണ് ഇടവേള ബാബുവിന്‍റെ കൂറുമാറ്റം. കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്‍റെ സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്‍റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു.
താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയില്‍ ഉള്‍പ്പെടുത്തിയിരുന്നു . എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു പഴയ നിലപാട് തളളിപ്പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന ശത്രുതയുടെ തെളിവായിട്ടാണ് ഇടവേള ബാബു അടക്കമുളള സിനിമാ പ്രവർത്തകരെ പ്രോസിക്യൂഷൻ സാക്ഷിയായി ഉൾപ്പെടുത്തിയിരുന്നത്.