കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റമാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതിയുടെ നടപടികള്‍ ശത്രുതാപരവും പക്ഷപാതപരവുമാണെന്നാണ് നടിയുടെ ആരോപണം. വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി നിശബ്ദമായി നിന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.
പരാതിക്കാരിയുടെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹര്‍ജിയിലുണ്ട്. പ്രോസിക്യൂഷനും സമാന ആവശ്യവുമായി വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു.
തന്റെ മൊഴിയെടുത്ത ദിവസം അഭിഭാഷകരുടെ എണ്ണം കുറയ്ക്കാതിരുന്ന കോടതി രഹസ്യ വിചാരണയുടെ സ്വഭാവം തന്നെ ഇല്ലാതാക്കിയെന്നാണ് നടിയുടെ മറ്റൊരു ആരോപണം. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ നിലപാട് സ്വീകരിച്ചതായും ഹര്‍ജിയില്‍ പറയുന്നു. സാക്ഷികള്‍ നിരന്തരം കൂറുമാറിയതിനെ തുടര്‍ന്ന് എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇനിയും പരിഗണിച്ചിട്ടില്ലന്നും ഹര്‍ജിയില്‍ പറയുന്നു.