കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയിഅപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ഭരണ-പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്ററുകള്‍ നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചുവെന്ന് അഭിഭാഷക സംഘടന. നേരായ രീതിയിലുള്ള തുടരന്വേഷണം ആവശ്യപ്പെട്ട് ഭരണപക്ഷ അഭിഭാഷക സംഘടന തയാറാക്കിയ പത്രക്കുറിപ്പ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നു പിന്‍വലിക്കുകയും പിന്നീട് സംഘടനയുടെ ഔദ്യോഗിക സമൂഹമാധ്യമ കൂട്ടായ്മയില്‍ മാത്രം പങ്കുവെക്കുകയുമായിരുന്നു.
സി.പി.ഐയുടെ ദേശീയ അഭിഭാഷക സംഘടനയാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് (ഐഎഎല്‍). സംസ്ഥാന പ്രസിഡന്‍റും കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാനുമായ കെ.പി.ജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി സി.ബി.സ്വാമിനാഥന്‍ എന്നിവരുടെ പേരില്‍ തയാറാക്കിയ പത്രക്കുറിപ്പാണ് മാധ്യമങ്ങള്‍ക്കു നല്‍കാതിരുന്നത്.
ദുബയ് കേന്ദ്രീകരിച്ചാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നത്. കേസന്വേഷണത്തിന്‍റെ ആദ്യഘട്ടം മുതല്‍ ഭരണ പ്രതിപക്ഷ കക്ഷികളിലെ ഹെവി വെയ്റ്റുകള്‍ ശ്രമിച്ചു. പ്രതിയായ നടന്‍, എം.എല്‍.എ, മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥ എന്നിവരുടേത് അടക്കമുള്ള ഫോണ്‍വിളികള്‍ പരിശോധിക്കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. രാജിവച്ച സ്പെഷല്‍ പ്രോസിക്യൂട്ടറുടെ നടപടിയെയും ഐ.എ.എല്‍ വിമര്‍ശിക്കുന്നു.
കൂറുമാറാന്‍ സാധ്യതയുള്ള പ്രതിയുടെ സുഹൃത്തുക്കളായ സഹപ്രവര്‍ത്തകരെ പ്രോസിക്യൂഷന്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയതിനെതിരെയും വിമര്‍ശനമുണ്ട്. പ്രതിയായ നടന് മാത്രം ജാമ്യം അനുവദിച്ചതും ഇയാള്‍ക്ക് ഇടക്കിടെ വിദേശത്ത് പോകാന്‍ അനുവാദം ലഭിച്ചതും നിയമരംഗത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്.