കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പ്രതിയെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ വ്യക്തമായ കാരണം കോടതിയെ ബോധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ യുടെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍.
പ്രതിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. ഇനിയും തെളിവ് ശേഖരിക്കാനുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.
പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേര്‍ന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താന്‍ തീരുമാനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇയാള്‍ മാപ്പുസാക്ഷി വിപിന്‍ ലാലിന്‍റെ അമ്മാവനെ കാണാന്‍ കാസര്‍കോട്ടെ ജ്വല്ലറിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. സോളാര്‍ കേസില്‍ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടയാളാണ് പ്രദീപ് കുമാറെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം വാച്ച് വാങ്ങാനാണ് കാസര്‍കോട്ടെ ജ്വല്ലറിയില്‍ വന്നതെന്നും ആരെയും കാണാനല്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച ഉടനെയാണ് മാപ്പുസാക്ഷിക്ക് ഭീഷണിക്കത്ത് വന്നതെന്ന് പറയുന്നു.