കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രൊസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ വിചാരണ കോടതിയുടെ നിർദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂട്ടർക്കാണ് കോടതി നിർദേശം നൽകിയത്. കേസ് അടുത്ത മാസം രണ്ടാം തീയതി പരിഗണിക്കും. കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി. നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികള്‍ പുനരാരംഭിക്കാനിരിക്കെയായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി. സ്ഥാനം രാജിവെച്ച് ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചതായി സുരേശന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചത്. 2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ.സുരേശനെ സര്‍ക്കാര്‍ നിയമിച്ചത്.
വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താരനടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു. കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. വിചാരണക്കോടതി നടപടികൾക്കെതിരെ ആക്രമണത്തിന് ഇരയായ നടിയും സർക്കാരും ഹൈക്കോടതിയിൽ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുമ്പോഴാണ് വിചാരണക്കോടതിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുന്ന അവസ്ഥയുണ്ടാകും. വിചാരണക്കോടതിയും പ്രോസിക്യൂഷനും ഒരുവിധത്തിലും ഒത്തുപോകാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. പക്ഷേ കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഹൈക്കോടതി.