കൊച്ചി : നടി ആക്രമണ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നല്കിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.ബാലചന്ദ്രകുമാര്‍ പറഞ്ഞത്:
”ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു നടി വിവാഹം ക്ഷണിക്കാന്‍ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറില്‍ ചെന്ന് ടാബ് എടുത്ത് കൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബില്‍ ദൃശ്യങ്ങള്‍ കണ്ടു. ഇതിനിടയില്‍ ചിലര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവര്‍ ദൃശ്യങ്ങള്‍ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായത്. ശേഷം ടാബ് കാവ്യയുടെ കൈയില്‍ കൊടുത്ത് സൂക്ഷിച്ച് വയ്ക്കണമെന്ന അര്‍ത്ഥത്തില്‍ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു.
ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല. ശബ്ദം കൂട്ടിയാണ് അവര്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയില്‍ പിടിച്ചാണ് അവര്‍ ദൃശ്യങ്ങള്‍ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവര്‍ക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. പൊലീസിനും കോടതി മുമ്പാകെ നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.”കേസില്‍ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ”മാഡമെന്ന പേര് പള്‍സര്‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവര്‍ ജയിലില്‍ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.”-ബാലചന്ദ്രകുമാര്‍ പറഞ്ഞു
മാധ്യമത്തിലൂടെ ബാലചന്ദ്രകുമാര്‍ ഇന്ന് നടത്തിയ ഈ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ കാവ്യാ മാധവനും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് കരുതുന്ന ശരത്തിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചാല്‍ നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചേക്കും. നേരത്തെ കാവ്യാ മാധവന്റെ പേര് കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാര്‍ നേരിട്ട് വെളിപ്പെടുത്തിയിരുന്നില്ല. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്.
ബിഷപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തില്‍ കഴമ്പോന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു. മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂയെന്നാണ് ഉച്ചയ്ക്ക് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പോലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചിരുന്നു. താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ദിലീപ് നല്‍കിയ മൊഴി. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു. ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സര്‍ക്കാര്‍ സമയം തേടുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. നാളെ സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.