കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന അടവി ഗവി ടൂർ പാക്കേജ് പ്രതിസന്ധിയിൽ. രണ്ട് വാഹനങ്ങൾ ഉണ്ടായിരുന്നതിൽ ഒരണ്ണം കട്ടപുറത്ത് ആയതും കെ എസ് ആർ റ്റി സി അടക്കം ഗവിയിലേക്ക് ടൂർ പാക്കേജ് ആരംഭിച്ചതുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. 2015 മുതലാണ് കോന്നി വന വികാസ് ഏജൻസിയുടെ കീഴിൽ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ വർഷം വരെ ഏകദേശം അറുപതിനായിരത്തോളം വിനോദ സഞ്ചാരികൾ ഈ പദ്ധതിയിൽ വിനോദ യാത്ര നടത്തിയിരുന്നു. 2020ൽ കോവിഡ് കാലഘട്ടത്തിൽ നിർത്തി വെച്ച ടൂർ പാക്കേജ് വീണ്ടും പുനരാരംഭിച്ചപ്പോൾ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് ആനുഭവപെട്ടത്. എന്നാൽ രണ്ട് ട്രാവലറുകൾ ഉള്ളതിൽ റീ ടെസ്റ്റിങ്ങിന്റെ പേരിൽ കാലങ്ങളായി കട്ടപ്പുറത്ത് ആയതും ഇതിനിടയിൽ കെ എസ് ആർ റ്റി സി ആരംഭിച്ച ഗവി പാക്കേജ് കാരണം അടവി ഗവി ടൂർ പാക്കേജിന് ബുക്കിംഗ് ലഭിക്കാതെ വന്നതും പദ്ധതിയെ പുറകോട്ടടിച്ചു.
റീ ടെസ്റ്റിംഗ് അടക്കമുള്ളവയ്ക്ക് വനം വകുപ്പിൽ നിന്ന് തുക അനുവദിച്ചു കിട്ടാതെ വന്നതാണ് വാഹനം ഇറക്കാൻ കഴിയാതെ പോയതെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിശദീകരണം. കോന്നി ആനത്താവളത്തിൽ നിന്നും രാവിലെ 7 .30 ന് ആരംഭിക്കുന്ന യാത്ര രാത്രി 9.30 നാണ് അവസാനിക്കുക. രാവിലെ ആനത്താവളത്തിൽ നിന്നും പുറപ്പെട്ട ശേഷം അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തി പ്രഭാത ഭക്ഷണവും കഴിഞ്ഞ് തണ്ണിത്തോട്, ചിറ്റാർ,ആങ്ങമൂഴി, കൊച്ചാണ്ടി ചെക് പോസ്റ്റ് വഴി മൂഴിയാർ ഡാം സന്ദർശിച്ചതിന് ശേഷം വീണ്ടും യാത്ര തുടരും. കൊച്ചാണ്ടി ചെക്പോസ്റ്റ് മുതൽ വള്ളക്കടവ് വരെ 85 കിലോമീറ്റർ നിബിഡ വനത്തിലൂടെയാണ് സഞ്ചാരം. നിത്യ ഹരിത വനങ്ങളും പുൽമേടുകളും ഇലപൊഴിയും വനങ്ങളും എല്ലാം യാത്രയിൽ കാണുവാൻ കഴിയും. കാക്കി ഡാം വ്യൂ പോയിൻറ്, പെൻസ്റ്റോക്ക് പൈപ്പ്, സിനിമ ഷൂട്ടിങ് ലൊക്കേഷനുകൾ, ആനത്തോട് പമ്പ ഡാമുകൾ എന്നിവയെല്ലാം സന്ദർശിച്ച ശേഷം ഉച്ചക്ക് കൊച്ചു പമ്പയിൽ എത്തി ഭക്ഷണത്തിന് ശേഷം ബോട്ടിങ്ങും നടത്തും.
ഗവിയിലേക്കുള്ള യാത്രയിൽ ബൈബിളിൽ പറയപ്പെടുന്ന നോഹയുടെ പെട്ടകം നിർമ്മിക്കാൻ ഉപയോഗിച്ച ഗോഫർ മരവും കാണുവാൻ കഴിയും തുടർന്ന് പെരിയാർ ടൈഗർ റിസേർവ് വഴി വള്ളക്കടവിൽ എത്തും. തുടർന്ന് വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തി രാത്രി ഭക്ഷണത്തിന് ശേഷം കോന്നിയിൽ തിരിച്ചെത്തും. പതിനാറ് പേര് അടങ്ങുന്ന സംഘത്തിന് ഓരോരുത്തർക്കും 1800 രൂപയും പത്ത് പേരടങ്ങുന്ന സംഘത്തിൽ ഓരോരുത്തർക്കും 1900 രൂപയും ഒമ്പത് പേര് വരെ 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസിനുമുകളിൽ പ്രായമുള്ളവർക്ക് ടിക്കറ്റ് ബാധകമാണ്. തുടങ്ങിയ കാലഘട്ടം മുതൽ നിരവധി വിനോദ സഞ്ചാരികളുടെ മനംകവരുകയും വനം വകുപ്പിന് മികച്ച വരുമാനം ലഭിച്ചിരുന്നതുമായ പദ്ധതിയാണ് ഇപ്പോൾ നിലച്ച അവസ്ഥയിലേക്ക് മാറിയത്.