വയനാട് : ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ് . ഇന്ന് പുലര്‍ച്ചയാണ് സംഭവം. ഒന്നരയോടെയാണ് കല്ലേറുണ്ടായത്. സംഭവം അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി. വിശദമായ പരിശോധനയും അന്വേഷണവും നടക്കുകയാണ്. കല്ലേറിൽ കളക്ടറുടെ ഔദ്യോഗിക വസതിയുടെ ഓടുകൾക്കെല്ലാം കേടുപാടുണ്ടായിട്ടുണ്ട്.
കളക്ടര്‍ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് കളക്ടറും ജീവനക്കാരും എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. കാര്‍ പോര്‍ച്ചിന്റെ ഓടുകൾ പൊട്ടിയിട്ടുണ്ട്. കളക്ടറുടെ ഒദ്യോഗിക വസതിയുടെ സിറ്റൗട്ടിലേക്കും കല്ലുകളെത്തി. തണ്ടര്‍ ബോൾട്ട് സൈനികരും സുരക്ഷാ ജീവനക്കാരും എല്ലാം ഉണ്ടായിരുന്നു. അപ്പോൾ തന്നെ പരിശോധന നടത്തിയെങ്കിലും കല്ലെറിഞ്ഞത് ആരെന്ന് കണ്ടെത്താനായിട്ടില്ല.
മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള പശ്ചാത്തലത്തിൽ സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. വൈത്തിരി റിസോര്‍ട്ടിലുണ്ടായ വെടിവയ്പ്പിൽ സിപി ജലീൽ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെയാണ് സംഭവം എന്നതും ഗൗരവത്തോടെയാണ് പോലീസ് പരിഗണിക്കുന്നത്. മജിസ്റ്റീരിയൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഉടൻ സമര്‍പ്പിക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നതിന് പിന്നാലെയാണ് ആക്രണമെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്