ഡല്‍ഹി: മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റ് നടപടി ക്രമത്തിനിടെയുണ്ടായ മോശം പെരുമാറ്റത്തിനാണ് സസ്‌പെന്‍ഷന്‍. ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി അദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടു വന്നിരുന്നു. പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ ചൗധരിയുടെ സസ്‌പെന്‍ഷന്‍ തുടരും. ചൗധരി നിരന്തരമായി പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുകയാണെന്നും രാജ്യത്തിന്റെ പ്രതിഛായ തകര്‍ക്കുകയാണെന്നും പ്രഹ്ലാദ് ജോഷി ആരോപിച്ചിരുന്നു. ‘ഇത്തരം പ്രവണത അദ്ദേഹത്തിന്റെ പതിവായി മാറിയിട്ടുണ്ട്. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും അതില്‍ നിന്നും മാറാന്‍ അദ്ദേഹം തയാറായിട്ടില്ല. ചര്‍ച്ചകളില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന അദ്ദേഹം ഖേദം പ്രകടിപ്പിക്കാന്‍ തയാറായിട്ടില്ല’- പ്രഹ്ലാദ് ജോഷി പ്രമേയത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അമിത് ഷാ സംസാരിക്കുമ്പോള്‍ ഇത്തരത്തില്‍ അദ്ദേഹം പെരുമാറിയെന്നും ജോഷി ആരോപിക്കുന്നു. ലോക്‌സഭയില്‍ മോദിക്കെതിരെ അധിര്‍ രഞ്ജന്‍ ചൗധരി ഇന്നും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ധൃതരാഷ്ട്രര്‍ക്ക് അന്ധത ബാധിച്ച സമയത്താണ് പാഞ്ചാലി വസ്ത്രാക്ഷേപം നടന്നത്. രാജാവ് അന്ധനായാല്‍ ഹസ്തിനപുരിയിലും മണിപ്പൂരിലും ഇത് നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മണിപ്പൂരില്‍ ഓരോ ദിവസവും ഓരോ വിധവകള്‍ സൃഷ്ടിക്കപ്പെടുകയാണ്. മോദിക്ക് യുറോപ്യന്‍ പാര്‍ലമെന്റില്‍ സ്വീകരണം ലഭിക്കുമ്പോള്‍ മണിപ്പൂര്‍ വിഷയവും ഉയര്‍ന്നു വന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.