നാസിക്: ആദിവാസി പെൺകുട്ടികളെ വിനോദ സഞ്ചാരികൾക്ക് മുന്നിൽ നൃത്തം ചെയ്യാൻ നിർബന്ധിച്ച സ്‌കൂൾ ഉടമക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂൾ ഉടമയ്ക്കെതിരെയാണ് കേസെടുത്തത്. കേസിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ത്രയംബകേശ്വർ താലൂക്കിലെ പഹിൻ ഗ്രാമത്തിൽ സർവഹര പരിവർത്തൻ കേന്ദ്ര നടത്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സ്‌കൂളിനോട് ചേർന്ന് ഹോസ്റ്റലും ഒരു റിസോർട്ടും ഉടമ നടത്തുന്നുണ്ട്. ജൂൺ 14 ന് 13 കാരിയായ വിദ്യാർഥിയോടും സുഹൃത്തുക്കളോടും റിസോർട്ടിലെത്തി വിനോദസഞ്ചാരികൾക്ക് മുന്നിൽ നൃത്തം ചെയ്യാൻ ആവശ്യപ്പെട്ടെന്നാണ് പരാതി.
ഈ വിദ്യാർഥികളുടെ രക്ഷിതാക്കളാണ് സംഭവത്തിൽ പോലീസിന് പരാതി നൽകിയത്. നൃത്തം ചെയ്യാൻ വിസമ്മതിച്ചാൽ വിദ്യാർഥികളെ വടികൊണ്ട് അടിക്കാൻ അധ്യാപികയെ ഏർപ്പാടാക്കിയിരുന്നെന്നും വിദ്യാർഥികളുടെ പരാതിയിലുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് സ്‌കൂൾ ഉടമയ്ക്കും അധ്യാപികയ്ക്കുമെതിരെ വാധിവെയർ പോലീസ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാന ട്രൈബൽ കമ്മീഷണറുടെ ഓഫീസിൽ നിന്നുള്ള സംഘം സ്‌കൂൾ സന്ദർശിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.