അടൂർ : സംസ്ഥാനത്ത് കാലവർഷം മഴ ശക്തിപ്രാപിച്ചതോടെ എം.സി.റോഡിലെ അപകടങ്ങളും വർദ്ധിച്ചിരിക്കുകയാണ്. ഏനാത്തിനും കുളനടയ്ക്കും ഇടയിൽ ഒരാഴ്ചയ്ക്കകം മൂന്ന് അപകടങ്ങളാണ് നടന്നത്. വെള്ളിയാഴ്ച അടൂർ കിളിവയലിനു സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്‌സിങ് അധ്യാപികയായ നിഷ മരിച്ചതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എം.സി.റോഡിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പണികൾ പൂർത്തിയായശേഷമാണ് ഇത്തരം അപകടങ്ങൾ നടന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. മഴക്കാലത്ത് അമിത വേഗവും റോഡ് തെന്നാനുള്ള സാധ്യതയുമാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് റോഡ് പരിശോധിച്ച വിദഗ്ദ്ധസംഘം കണ്ടെത്തിയിരുന്നു. കഴക്കൂട്ടം മുതൽ ചെങ്ങന്നൂർ വരെ കെ.എസ്.ടി.പി.യുടെ മേൽനോട്ടത്തൽ പണിത റോഡിന്റെ അടൂർ വരെയുള്ള 80 കിലോമീറ്റർ സുരക്ഷാ ഇടനാഴി പദ്ധതിയിലുൾപ്പെടുത്തി പുതുക്കി പണിതിരുന്നു. ഇതിന്റെ ബാക്കിഭാഗമായ അടൂർ മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്തെ പണി നടന്നുവരികയുമാണ്.
ഇതിനിടയിലാണ് അപകടങ്ങൾ നടന്നത്. തിങ്കളാഴ്ച കുളനട മെഡിക്കൽട്രസ്റ്റ് ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ എം.സി.റോഡിൽ പന്തളം ചിത്ര ആശുപത്രിക്കു സമീപം മൂന്നുകാറും ഒരുബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ലോട്ടറി ടിക്കറ്റ് വ്യാപാരി തട്ടയിൽ പാണന്റയ്യത്ത് സാംകുട്ടിക്ക് പരിക്കേറ്റിരുന്നു.
നാഷണൽ ട്രാൻസ്‌പോർട്ടേഷൻ ആന്റ് റിസർച്ച് സെന്ററിൻ്റെ നേതൃത്വത്തിൽ എം.സി.റോഡിലെ പത്തുകേന്ദ്രങ്ങളിൽ നടത്തിയ സർവേയിൽ 256 അപകടം നടന്നതായി വ്യക്തമാക്കുന്നു. കഴക്കൂട്ടത്തിനും അടൂരിനുമിടയിൽ എൺപത് കിലോമീറ്റർ ദൂരത്തിലായിരുന്നു ഇത്രയും അപകടം. ഇതേകാലയളവിൽ പറന്തൽ മുതൽ മാന്തുക വരെ 80 അപകടങ്ങൾ നടന്നതായും സർവേയിലുണ്ട്. അപകടങ്ങൾ തുടർക്കഥയാകാതിരിക്കാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.